Tuesday, May 5, 2015

ഏകലവ്യന്‍


അർജ്ജുനന്റെ അഹങ്കാരത്തിന് (പതീകാത്മകമായും
ദ്രോണരുടെ സ്വാർത്ഥതക്ക് ബലിയാടാവുകയും ചെയ്ത
ആത്മവിശ്വാസത്തിന്റെ
ആൾരൂപമായ
ലക്ഷ്യബോധമുള്ള
യഥാർത്ഥ യോദ്ധാവാണ്
''ഏകലവ്യൻ''
കീഴ്ജാതിക്കാരനായ് ജനിക്കുകയും
ചതിക്കപ്പെടുകയും ചെയ്തില്ലായിരുന്നുവെൻകിൽ
മഹാഭാരതത്തിൽ തന്നെ
മഹാസംഭവങ്ങളുണ്ടാക്കിയേനെ,
സ്വന്തം
കൈയ്യിലെ
തള്ളവിരല്‍ അറുത്തെടുത്താ..
ഗുരുദക്ഷിണ കൊടുത്ത
ഏകലവ്യന്റെ
ഓർമ്മകളാണിന്നെന്‍ സിരകളിൽതുടിക്കുന്നത് കാലമിന്നേറെപോയ് മറഞ്ഞിട്ടും
ആ..വീര്യ
സ്മരണയണയാതുറങ്ങുന്നുണ്ടിന്നീ മനസ്സിലെന്‍ ,
അവഗണിക്കപ്പെട്ടവന്റെ
ബാക്കിപ(തം കണക്കെ ചിലപ്പോഴെന്നുള്ളിലുണരാറുണ്ടെന്നും,
ഏകലവ്യാ
ഗുരുസ്ഥാനത്തങ്ങുമാ(തം
മുന്നിലിന്നെലെന്റെ,
നേട്ടങ്ങള്‍ കൊയ്യാന്‍ സ്വാര്‍ത്തനല്ല നഷ്ടപ്പെടാനൊട്ടില്ലതാനും ഉള്ളിലുണര്‍ത്തുന്ന
ഓർമ്മകള്‍ പേറിടുമീജന്മം
തീണ്ടാപ്പാടായ് മാറിനിൽക്കാൻ
മനസ്സില്ല
മരണംവരെ പോരീടും
അടിച്ചമർത്താൻവരുന്നവർക്കതിരെ,
ചതിയുടെ മുഖപടം വലിച്ചുകീറിടുംവരെ
ആത്മവിശ്വാസത്തിന്റെ ആള്‍രൂമായ അങ്ങയുടെ ത്യാഗമനസ്സിന്‍മുന്നിലെന്‍ "(പണാമം"!
അവിടുന്ന് സ്വായത്തമാക്കിയ...
ആയോധന വിദ്യകള(തയും
ലക്ഷ്യബോദമുള്ള ചെറുപ്പക്കരുടെ
ആവനാഴിയിലേക്ക്
വിടുത്തെപോൽ
ആത്മവിശ്വാസമായ്
ഒരുമാ(ത വന്നണഞ്ഞെങ്കിലിന്ന്
പെരുവിരല്‍ പകരംവയ്ക്കുമവർ
ഒരായിരം ഏകലവ്യന്മാർ ഒന്നിച്ചുണർന്നീടുബോൾ
അങ്ങയെപോൽ ത്യജിച്ചീടില്ലൊന്നും
ചതിയുടെ മുഖമൂടിയണിഞ്ഞ് വരുന്നവനാരായിരുന്നാലും അങ്ങയുടെബാക്കിവിരലുകളില്‍ പതിയിരിയ്ക്കുന്നാ..
അടങ്ങാത്തലഹരിയാൽ ഒടുക്കീടും ആ..വർഗ്ഗങ്ങളെ പുതുരീതിയിൽ 

                                      

                                                                                                          Harish Nataraj

നൊമ്പരം

അകലും ഹൃദയത്തിൻ വേദന പോൽ 
അലകടൽ തിരതല്ലി ക്കരയുന്നുവോ (അകലും )
വാരിപ്പുണരാൻ കൈ നീട്ടി നില്ക്കുമീ 
കരയെപ്പിരിഞ്ഞു നീയെങ്ങു പോകാൻ
കരയെപ്പിരിഞ്ഞു നീയെങ്ങു പോകാൻ ................. (അകലും )
കരയും കടലും തിരയും തീരവും
ആലിം ഗനത്തിലമർന്നിടുമ്പോൾ (2 )
നീറിപ്പിടയും വേദനയിൽ നീ
വിങ്ങി വിതുമ്പി കരഞ്ഞിടുമ്പോൾ (അകലും )
പുണരാനടുക്കുന്ന കടലിന്റെ കൈകളിൽ
മുകരുന്ന തീരത്തിൻ ലാളനയിൽ (2 )
ശാന്തമായ് ത്തോന്നും നിന്റെ ഭാവം ...........(2 )
ഉള്ളിലൊ ടുങ്ങാത്ത വേദനയോ ....................(അകലും )

                                             
                                                           Sushama Sivaraman

രസമയമീ പ്രകൃതി

മാനത്തെത്തിയ മഴവില്ക്കൊടി-
യുടെ ചാരുത കാണാനെന്തു രസം!
മുറ്റത്തുണരും മുക്കുറ്റിപ്പൂ 
തൊട്ടുതലോടാനെന്തു സുഖം!
തൊടികളില് വിലസ്സും പനിനീറ്-
പ്പൂവിന്നരുണിമ കാണാനെന്തു രസം!
തങ്കത്തളിരിലയേന്തി വിടറ്‌ന്നൊരു
താമരയല്ലിക്കെന്തു രസം!
പിച്ചകവല്ലികള് പൂത്തുനിറഞ്ഞൊരു
കാവുകള് കാണാനെന്തു സുഖം!
പൂവുകള്തോറും മധുനുകരുന്നൊരു
വണ്ടത്താന്മാറ്‌ക്കെന്തു രസം!
കളകളമൊഴുകും അരുവിയിലുണരും
കുമിളകള് കാണാനെന്തു രസം!
കതിരുകള് നിറയെക്കാറ്റത്താടും
വയലേലകള് കാണാനെന്തു രസം!
മാവിന് കൊമ്പത്താടിപ്പാടും
മഞ്ഞക്കിളിയോ സുന്ദരിയാള്!
ആഞ്ഞിലിമേലേ കലപിലകൂട്ടും
അണ്ണാറ്‌ക്കണ്ണന്നെന്തു രസം!
ഓലത്തുമ്പുത്തൂഞ്ഞാലാടും
ഓലഞ്ഞാലിക്കെന്തു രസം!
പീപ്പീപാടിപ്പാറിനടക്കും
തത്തക്കിളിയോയെന്തു രസം!
കൊക്കരകൂവിപ്പാടി നടക്കും
പൂവങ്കോഴിക്കെന്തു രസം!
അയ്യമടിച്ചുവെടിപ്പാക്കുന്നൊരു
കാകന്മാരോയെന്തു രസം!
കുഹുകുഹു പാടിക്കളിയാക്കു-
ന്നൊരു കുയിലമ്മയക്കും നല്ലരസം!
സന്ധ്യാരാഗം പൂത്തുവിടറ്ന്നൊരു
മേഘം കാണാനെന്തു സുഖം!
മുല്ലപ്പൂമണമേന്തിയണഞ്ഞൊരു
തെന്നല്ത്തലോടലിനെന്തു സുഖം!
എന്തു രസം എന്തു സുഖം!
രസമയമാമീ പ്രകൃതിയോടൊപ്പം
ഒത്തു കളിക്കാനെന്തുരസം!!!!

                                Unnikrishnan Nair

ഞാന്, ദൈവത്തിന് സ്വന്തംനാട്

ഉണ്ടായിരുന്നെനിക്കൊരു നല്ലകാലം
പണ്ടു മാവേലി നാടുഭരിച്ചകാലം.
ഉച്ചനീചത്വങ്ങളൊന്നുമേയില്ലാത്ത,
സമാനസുസുന്ദര സുവറ്ണകാലം.
കൊള്ളയും ചതിയും കൊള്ളിവെയ്പും,
മറ്റു കള്ളത്തരങ്ങളൊന്നുമേയില്ലാതെ
മാലോകരൊന്നായ് വസിച്ചകാലം;
ഇല്ല കരിഞ്ചന്ത പൂഴ്ത്തിവെയ്പും,
അടിപിടിയില്ല വഴക്കുമില്ലാ,
ധറ്ണകളില്ല സമരങ്ങളും,
വേദനയില്ല വിപത്തുമില്ലാ, മറ്റു
വേണ്ടാത്തരങ്ങളങ്ങൊട്ടുമില്ല.
പച്ചപ്പുല്മേടുമരുവികളും
പൊന്കതിര്ചൂടിയ വയലേലയും,
കല്പവൃക്ഷങ്ങളും കായ്കനിയും
തെളിവെള്ളമൊഴുകുന്ന തടിനികളും,
ഇവയെല്ലാം ചേറ്ന്നൊരു കരയായെന്നേ,
മാവേലിനാടെന്നു വിളിച്ചെല്ലാരും
മാവേലിത്തമ്പുരാനസുരനെന്നാകിലും
സ്നേഹിച്ചു പ്രജകളെത്തന്നേക്കാളും.
സത്കീറ്ത്തിമാനായ നല്ലൊരാ-
രാജനെപ്പാതാളലോകം പറഞ്ഞുവിട്ടാ-
രസൂയമുഴുത്തോരക്കൂട്ടരന്ന്.
അന്നു തുടങ്ങിയെന് കാലദോഷം
ഇന്നും തുടരുന്നൊരു ശാപംപോലെ.
ഇന്ന് ഞാന് ദൈവത്തിന് നാടാണെന്ന്
മാലോകരെല്ലാം പുകഴ്ത്തീടുന്നു; പക്ഷേ-
യിവിടെയരങ്ങേറും കാഴ്ചകണ്ട്;
കരയുന്നു മനമെന്റെ കഷ്ടം, കഷ്ടം…!
കള്ളക്കടത്തും കരിഞ്ചന്തയും,
കോഴകള് വാണിഭക്കൂട്ടങ്ങളും,
സമരങ്ങളടിപിടിയത്യാചാരം,
ബന്ദുകള് ധറ്ണകളും; പിന്നെ
വേണ്ടാത്തരങ്ങളൊത്തിരിവേറെ-
യിനിയിതിലേറെയെന്തധപ്പതിക്കാന്…!?
കൊതിക്കുന്നു ഞാനിതൊന്നുമാറി,
വീണ്ടും നന്മ നിറഞ്ഞൊരു
മാവേലിനാടായിത്തീരാന്…..?!
                                   Unnikrishnan Nair

മഹാനഗരം

മർത്യപ്രതീക്ഷകളൊന്നു ചേർന്നാ
മഹാനഗരത്തെപ്പടുത്തുയർത്തി
മനുഷ്യ പ്രയത്നസ്മാരകംപോലാ-
നഗരമീയുലകിലുയർന്നു നിന്നു.
ആയിരമായിരം സ്വപ്നങ്ങളാൽ തീർത്ത
മണിമേടയായതു പരിലസിച്ചു
സമ്പന്നസംതൃപ്തമാസ്മര ലോകമായ്
നാൾക്കുനാളാ സ്വർഗ്ഗം വിളങ്ങിനിന്നു
സ്വർഗ്ഗീയ സൗഭാഗ്യം പരിലസിക്കുന്നൊരാ
ഭൂമിയിൽ പെട്ടെന്നു കാർമേഘ ഛായ വീശി
എങ്ങുനി ന്നോ പറന്നണഞ്ഞൊരു, ഭീകര
യുദ്ധക്കഴുകിൻ ചിറകടി മുഴങ്ങീ ചുറ്റും
ടാങ്കുകൾ തോക്കുകൾ ബോംബുകൾ ചേർന്നു
മൃത്യുവിൻ വിഹാര രംഗമൊന്നൊരുക്കവെ
മർത്ത്യ പ്രതീക്ഷകൾ തഴച്ചുവളർന്നൊരാ
നഗരം നിരാശ തന്നാഴത്തിയിലാണ്ടു പോയി
ഘോര യുദ്ധം തുടരവേ നാൾക്കു നാൾ
ചുറ്റിലും വിനാശം മുടിയഴിച്ചാടുന്നു
ആയുസ്സെത്താതൊടുങ്ങുന്നു ലക്ഷങ്ങൾ
ആയുദ്ധപ്പുരകകളോ വീണ്ടും നിറയുന്നു
ചിതറിക്കിടക്കുന്നു കബന്ധങ്ങൾ ചുറ്റിലും
ചിതറിത്തെറിക്കുന്നു മർത്ത്യപ്രതീക്ഷകൾ
ഭീദിതമായോരു വിജനത മൂടുന്നു
ഭീതിയടങ്ങാതെ മാനവർ കേഴുന്നു
ഭീകര നരക യാതന കാരണം
ദാരുണ രോദനമെങ്ങു മുയരുന്നു
മരണമൊരനുഗ്രഹമാകുന്ന മട്ടിൽ
മരണവെപ്രാളങ്ങൾ നീണ്ടു നിൽക്കുന്നു
പൊരിവയറുമായ് തെരുവിലലയുന്നു
മരിക്കാതെ പിഴച്ച മനുഷ്യരെല്ലാം
ചൂടും തണുപ്പും രോഗങ്ങളും ചേർന്നു
കൊല്ലാതെ കൊല്ലുന്നു പേക്കോലങ്ങളെ
തകർന്നടിഞ്ഞു മണ്ണായിക്കിടക്കുന്നു
തലയെടുപ്പാർന്ന രമ്യഹർമ്യങ്ങൾ
നീറിപ്പുകയുന്നു പട്ടട ചുറ്റിലും
നഗരം മുഴുവനും ചുടുകാടെരിയവേ
ചിത്തമലിയിക്കുമാർത്തനാദങ്ങൾ
ചുറ്റിലും മേൽമേലുയർന്നുപൊങ്ങെ
അസ്ഥിനുറുങ്ങുന്ന വേദനയാലൊരു
ശരശയ്യ തീർക്കുകയാണിന്നു കാലം
പൊട്ടലും ചീറ്റലും മിന്നലുമായതാ
നിൽക്കാതെ പെയ്യുന്നു ദുരിതവർഷം
എന്തു ഭയങ്കര മെന്തു ഭീദിത-
മെന്തു ഭീഭൽസ മീ ദുരന്തം
യുദ്ധക്കളം തീർത്തവിടെക്കൊടിനാട്ടി
നേടുന്നതാർക്കായി രുധിര സിംഹാസനം
മർത്ത്യന്റെയാർത്തനാദങ്ങൾ കേട്ടിട്ടു-
മാർത്തിയടങ്ങാത്തതാർക്കാണു ഭൂമിയിൽ
അശനിപാതങ്ങളൊരുക്കുന്ന ശാസ്ത്രമേ
അശരണരെക്കുറിച്ചോർക്കാത്തതെന്തുനീ
ആശാകിരണങ്ങളെങ്ങുമില്ലാത്തൊരീ
നാശം നീ വിതക്കുന്നതെന്തിനായി
എന്തിനീ മർത്ത്യപുരോഗതിയിത്തരം
രംഗങ്ങൾ വീണ്ടും വരച്ചു ചേർക്കാൻ
ചെന്നിണംകൊണ്ടു മനുഷ്യൻ വരയ്ക്കുന്ന
ചിത്രങ്ങൾ കീറിയെറിയണം നാം
മർത്ത്യപ്രയത്നമതു മാത്രമാം മേൽഗതി
ശുഭാപ്തി വിശ്വാസത്തിലാണു പുരോഗതി
മാനവ സംസ്കൃതി വെറ്റി വരിക്കട്ടെ
മാനവ സ്വപ്നങ്ങൾ പൂത്തു തളിർക്കട്ടെ
                                                            CA Venu K

മഴക്കാലം ചിലതെല്ലാം ഓർമ്മിപ്പിക്കുന്നുണ്ട്....

മാങ്ങാച്ചുന മണക്കും
മദ്ധ്യവേനലവധി കഴിഞ്ഞ
ഈർപ്പം മണക്കും 
ക്ലാസ് മുറിയെ.....
കോമ്പസ് കൊണ്ട്
ബെഞ്ചിൽ കോറിയിട്ട
ഹൃദയ ചിത്രത്തിലെ
എൻെറയും നിൻെറയും
പേരിൻ ആദ്യാക്ഷരങ്ങളെ..
നിന്നിലേക്ക് തെന്നും
കണ്ണും മനസ്സും,
പറന്നു വരുന്നൊരു
ഡെസ്റ്ററോ, ചോക്ക് പൊട്ടൊ
കൊണ്ട് എന്നെ
വർത്തമാനത്തിലേക്ക് വീണ്ടെടുക്കുന്നുണ്ട് ....
മഴക്കാലം ചിലതെല്ലാം
ഓർമിപ്പിക്കുന്നുണ്ട്...
മകനെ അടക്കം
ചെയ്ത നാൾപെയ്ത
രാത്രിമഴയിൽ
അവന് നനയുന്നുണ്ടാവുമോ
എന്ന വേവലാതിയിൽ
തെന്നുന്ന എൻെറ മനസ്സ്
ഒരു മുടിനാരിഴയിൽ
അക്കരെ കടക്കുയാണ്
അപ്പോൾ.....
അവളുടെ ആശ്വസിപ്പിക്കുന്ന
കൈകൾ പോലും എന്നെ
വർത്തമാനത്തിലേക്ക്
വീണ്ടെടുക്കുന്നില്ല;....
മഴക്കാലം ചിലതെല്ലാം
ഓർമ്മിപ്പിക്കുന്നുണ്ട്...

                               Haris Khan

മറന്നു പോകുന്നത്

എനിക്കുതകാത്ത സ്നേഹമേ
ചിരിക്കേണ്ട പല്ലിളിക്കേണ്ട
മലര്‍ന്നുതുപ്പേണ്ട
കണ്ടീല്ലന്നു നടിച്ചു
തട്ടം ഞാത്തേണ്ട
പൊയ്മുഖത്തിന്‍ മേലിനിയും വ്യര്‍ത്ഥം
ആരാലും കടംകൊള്ളുവാനാകില്ല
സ്നേഹം
കലങ്ങളില്‍ വേവില്ല
തേച്ചു നിവര്‍ത്തുവാനാകില്ല
വിത്തൊരുക്കി വളമിട്ട്
കാത്തിരിക്കുവാനാകില്ല
പശമുക്കി വടിപേലെ
വെന്മയുറ്റ വേഷ്ടിയുമാവില്ല
ഭാര്യയാണു നീയെങ്കില്‍
ചാരിത്ര്യ ശുദ്ധിയാവണം
സ്നേഹം
അമ്മയാണു നീയെങ്കില്‍
അമ്മിഞ്ഞ പാല്‍ ചുരത്തേണം
സ്നേഹം
മകളായ് പിറന്നുവീണെങ്കില്‍
അഭിമാന മായ്തുടിക്കേണ,മോരോ
പിതാവിന്‍റെ നെഞ്ചിലും
സ്നേഹം
സോദരീസ്ഥാനം പകര്‍ന്നു
നല്‍കും നിന്‍റെ മാധുര്യ
മൂറുന്ന കിളികൊഞ്ചലായ്
സ്നേഹം
കാമുകിയെങ്കില്‍ പഠിക്കേണം
സാമൂഹ്യ മാനത്യ തെല്ലും
തകര്‍ക്കാത്ത മൂല്ല്യബോധമാം
സ്നേഹം
വേശ്യയണങ്കില്‍ മറയ്ക്കേണം
നഗ്നമേനിനിന്‍ പുത്രന്‍റെ
കാഴ്ച പുറങ്ങള്‍ക്കുമപ്പുറം
സ്നേഹം
സാമൂഹ്യ സേവനമൊക്കെയും
ചെയ്തിടാം മറയ്ക്കാത്ത
കണ്ണടയാല്‍ മിഴികളില്‍
സ്നേഹം
മുത്തശ്ശിയായ് നീ പകര്‍ന്നിടും
വേഷത്തില്‍ പഴമൊഴിയായ്
കഥയായ് പരിലാളനയായ്
മധുര ചുപ്മനങ്ങളായ്
തേനൊഴുകണം സ്നേഹം
അറിമെനിക്ക് ആവില്ല
നിക്കിതൊക്കെയും
കാരണം അസ്വാതന്ത്ര്യത്തിന്‍
മുള്‍മുനയില്‍
പടവാളുയര്‍ത്തി ആടുകയല്ലോ
നിന്നെ നീയാക്കിയ എന്നോട്
എന്‍റെ നട്ടെല്ലിനോട്

                                     Maju Maniyan Nedumudy

തൂമ്പ

പുണ്യമേറിയ നാളുകൾ മണ്ണിനെ
പൊന്നണിയിച്ച ദിവ്യമാമായുധം 
നീർത്തടങ്ങളെ ചെത്തീ മിനുക്കിയും
നീരൊഴുക്കിൻറ ചാലുകൾ കീറിയും
ഈറനോടെയീ മണ്ണിനെ നിത്യവും
കാത്തുപാലിച്ച സത്യത്തിന്നായുധം
കൈത്തഴമ്പിൻ തലോടലും വാത്സല്യ സ്നേഹമേറെ നുകർന്നോരു നാളുകൾ
കൂട്ടു ചേർന്നൂ കിളക്കവേ മണ്ണിൻറ മേനികോരിത്തരിച്ചതും കാറ്റിൻറ നേർത്ത നാദത്തിലൊന്നായ് ഉയർന്നുതാഴ്ന്നൊത്തൊരുമിച്ചൂ താളം പിടിച്ചതും
മണ്ണുവെട്ടിക്കിളച്ചതും
ഭൂമിയിൽ വിത്തിറക്കി കിളിർപ്പിച്ചെടുത്തതും
കുഞ്ഞിളംകാറ്റിലാടിക്കളിക്കുന്ന നാമ്പു പൂവിട്ടു സ്വപനം വിളഞ്ഞതും
പൊന്നുപോലെന്നും പൂവിട്ട് പൂജിച്ച തൂമ്പ നെഞ്ചോട് ചേർത്തൊരാ നാളുകൾ
ജീവിതത്തെ മണപ്പിച്ച വേർപ്പിൻറ
ഊർജ്ജമാർജിച്ച സായന്തനങ്ങളും
ഏറ്റിറക്കത്തിനാത്മനിശ്വാസവും
ഏറ്റുവാങ്ങി ത്തുരുമ്പിച്ച തൂമ്പകൾ
വീട്ടിറക്കിൻ കഴുക്കോലിനറ്റത്തു
തൂങ്ങിയാടിക്കിടക്കുന്നനാഥമായ്
കണ്ണിനൊപ്പം കുഴിഞ്ഞ തോളത്തേയ്ക്ക് ചായ്ച്ചു വച്ച ശിരസ്സിലെ ചിന്തകൾ
തൂമ്പയോളം തുരുമ്പിച്ച മണ്ണിൻറ നേര് വിങ്ങിക്കരയുന്നൊരോർമകൾ.

                                                                                         Paulson Thengapurakal

നാട്ടുവിശേഷങ്ങള്‍ (കലികാലം )

ഞാന്‍ കണ്ട കാഴ്ചയെല്ലാം
ചൊല്ലിടാം കേള്‍ക്കണേ കൂട്ടുകാരെ
സംസ്കാരമാലിന്യത്തില്‍
കൂളിരുന്ന ,കാഴ്ച പകര്‍ന്നു പാടാം.
കാണുവാന്‍ കണ്ണറയ്ക്കും
കേള്‍ക്കുവാന്‍ കാതറയ്ക്കും
പാടുവാന്‍ നാവറയ്ക്കും
നാട്ടു വിശേഷങ്ങളേ
കാണ്ടില്ലേല്‍ കൈയ്യടിക്കും
കാണുമ്പോള്‍ കണ്ണടയ്ക്കും
കൂട്ടത്തില്‍ നിന്നു പാടും..
കൂട്ടില്ലേല്‍ നാവടയ്ക്കും
ദൂരത്തിരിക്കുവോര്‍ക്ക്
സൗഹാര്‍ദ്ദ പൂ തളിര്‍ക്കും
തേടിയരികില്‍ ചെന്നാല്‍
മാനം കറുത്തിരിക്കും
പെയ്മുഖ പുസ്തകത്തില്‍
വിപ്ലവ നൃത്തമാടും
ജീവിതവേദികണ്ടാല്‍
പുഛമൊളിച്ചുവെയ്ക്കും.
നേര്‍ക്കുനേര്‍ ചൊല്ലേണ്ടത്
പുസ്തകതാളിലേറും
പുസ്തകം ചൊല്ലുന്നത്
കീറിമറച്ചു വെയ്ക്കും
കണ്ണു നിറയും കാഴ്ച
കൈമാറി ഘോഷമാക്കും
കണ്‍മുന്നില്‍ കണ്‍ നിറഞ്ഞാല്‍
കണ്ടില്ല എന്ന ഭാവം
കാലം പകര്‍ത്തി വെയ്ക്കും
കോലമിതോ വൈഭവം
കാലം കഴിഞ്ഞുവെന്നാല്‍
കാലനൊഴിഞ്ഞു നില്‍ക്കും
കേരള മക്കളെല്ലാം കേവലം
തന്‍കാര്യം നോക്കിടുന്നു
നാടുഭരിക്കുവോരോ പരസ്പരം
കീശനിറച്ചിടുന്നു.
പെണ്ണു പിറന്നു വീണാല്‍
നാട്ടുകര് മൂക്കത്ത് കൈയ്യമര്‍ത്തും
പെണ്ണുള്ള തന്തമാരേ
പെണ്ണിനെ പോറ്റുവാനോടിടുന്നു
നീയമം നടത്തുവോരോ
നീയമംതിന്ന് കേമന്‍ ചമഞ്ഞീടുന്നു.
നീയമം കൊതിക്കുവോരോ
നീയമമറ്റ നാട്ടില്‍ വലഞ്ഞിടുന്നു
എന്തൊരു ദുര്‍വിധിയാ, ദൈവമേ
എന്തൊരു ലോകമിത്
പുത്തന്‍ പരിഷ്കാരത്തില്‍
മനുജന്‍ ലോകം മറന്നിരിപ്പോ????

                                                Maju Maniyan Nedumudy

കാട്ടരുവി..........!!!!!!

ചന്ദനമണമുള്ള കാട്ടുച്ചോലയ്ക്കു-
ചാരുത പകര്‍ന്നു നില്‍ക്കുമീ
ചന്ദനതാരുലതകളില്‍!
മഞ്ഞുകണങ്ങള്‍ പെയ്തിറങ്ങിയ-
മകരമാസപ്പുലരിയില്‍
മിഴി നിറയെ അഴകായ്‌-
ഒഴുകിടുന്നീ മാമലച്ചോല!!
വെള്ളിക്കൊലുസു കിലുക്കിക്കിലുക്കി-
വന്‍പാറക്കുട്ടങ്ങളെ തഴുകി തലോടി
വെളളാരംകല്ലുകളോടു-
കിന്നരിച്ചു കൂടെ കൂട്ടി
കര്‍ണ്ണത്തിനിമ്പമായ്-
കളകളനാദം മുഴക്കി!!!
പരിമളം വമിച്ചു പരിചൊട്-
പൃഥി തന്‍ മാറിലായ്
നിത്യനിര്‍മ്മലമാം നിര്‍ത്ധരി!!!
ചൂഴെ അമരുമീ മാമരക്കൊമ്പുകള്‍-
തന്‍ മര്‍മ്മരക്കൊഞ്ചെല്‍-
കേട്ടിടാന്‍ കാതോര്‍ത്തു നില്‍ക്കാതെ
കല്ലോലിനീയെങ്ങു നീ പായുന്നു!!!
ഉടഞ്ഞു പോകവേ പളുങ്കുമണികള്‍-
ഊക്കന്‍ പാറകളതില്‍ തട്ടിത്തെറിപ്പിച്ചു-
ശീതളമീ നീര്‍മുത്തുകളെ!!!
പൂങ്കിളിതന്‍ ഓമല്‍പ്പാട്ടും-
പൂമ്പാറ്റതന്‍ മൂളിപ്പാട്ടും-
പൂന്തെന്നലും, അരുവിക്കലങ്കാരമായ-
ഹരിതാഭയാം കാനനപ്പന്തല്‍!!!
കാവ്യമാം നിന്നെ വര്‍ണ്ണിപ്പതു-
വാചാലമായ് പോയീടവേ-
കാനനച്ചോലേയെങ്ങു നീ-
പായുന്നു വിരവൊട് വീണ്ടും!!!
                                      Sasikala Prem

കാറ്റിനൊപ്പം കുറച്ചുനിമിഷം........

കനല്‍ച്ചൂടിയ കടല്‍ക്കാറ്റെ നീ-
കടം തരുമോ കാണാക്കുന്നിലെ
കവിത മൂളും കന്നിപ്പൂങ്കാറ്റിനെ.....
കുഞ്ഞിളംതെന്നലായെന്നരികിലെത്തും
കുഞ്ഞിക്കറ്റെ നമുക്കിന്നു-
കുരവയിട്ടു കൂട്ടുകൂടി......
കൈകോര്‍ത്തു പാട്ടു മൂളി
കൈതപ്പൂക്കള്‍ നൃത്തമാടും-
കൈത്തോട്ടിലൂടെയൊഴുകി......
കതിരോലകളാടും പൊന്‍വയലിലെ-
കതിര്‍മണികളെ തഴുകിയുണര്‍ത്തി
കതിരോന്‍ ചൂടില്‍ വാടിയ പൂവാടിയും കടന്ന്.......
കുയില്‍പ്പാടും കൂടുതേടി-
കുന്നിന്‍ചെരുവിലെക്കൊന്നു പോയീട്ട്-
കുണുങ്ങും പുഴയിലിറങ്ങി-
കുളിച്ചുല്ലസിച്ചാമോദത്തോടു വീണ്ടുമീ യാത്ര..........
കാട്ടിലെ മുളന്തണ്ടിലൂടൊഴുകി-
കാട്ടാറിനോടും കഥ പറഞ്ഞു
കായല്‍പ്പരപ്പോളമെത്തിയപ്പോള്‍.........
കടലാസുതോണിയില്‍ കയറി-
കാര്‍മേഘത്തുണ്ടുകളെ നോക്കി
കാണാക്കയങ്ങളിലേക്കു പോയീടാമേ.........
                                                             Sasikala Prem

ഇരിക്കപിണ്ഡം

എന്റ ഹൃദയം എവിടെയോ കളഞ്ഞുപോയി 
തലചോറ് ഞാൻ എവിടെയോ മറന്നു വെച്ചു 
കണ്ണീരിൻ ഉറവ വറ്റി , പുഞ്ചിരിക്കാനും മറന്നു 
കൃഷി എനിക്ക് വെറുപ്പാണ് ,മണ്ണ് എനിക്ക് അലറ്ജിയാണ് 
മണ്ണിന്റെ മനം അറിയാത്ത കാലടിയിൽ ഞാൻ എന്റെ
സംസ്കാരവും പൈതൃകവും മൂല്യങ്ങളും ചവിട്ടിമെതിച്ചു
പുഴകളെയും മലകളെയും ഇന്നെന്റെ മോഹങ്ങൾ തിന്നു തീർത്തു
അമ്മയെ മറന്നു ഗര്ഭ പാത്രം പണയം വെച്ചു
എന്നിട്ടും അവരെന്നെ വിളിച്ചു മനുഷ്യനെന്ന് !!!!!!!!
എന്നിട്ടും അവരെന്നെ വിളിച്ചു മനുഷ്യനെന്ന് !!!!!

                                                                             Sreerag Pn

ഇവിടെ ഒരു വസന്തകാലമുണ്ടായിരുന്നു..

ഇവിടെ ഒരു വസന്തകാലമുണ്ടായിരുന്നു..
എന്നു പറയും നാൾ..
അഹങ്കാരികൾ അവർ,
ആർത്തിപൂണ്ടവർ..
സ്വചഛന്തമായ വായുവിനെ ഊതി കെടുത്തിയവർ...
അവർക്കറിയാവുന്നത്‌ തുച്ഛമായിരുന്നു..
ഭാവിചതോ എത്രയധികമായിരുന്നു..
വാസസ്ഥലത്തെ പരേതരുടെ നഗരമാക്കിമാറ്റിയവർ...
കാക്കൾക്ക്‌ പോലും വേണ്ടാത്ത മാലിന്യങ്ങൾ കൊണ്ട്‌ -
കൊട്ടാരം പണിതവർ...
അഹന്തയുടെ കനൽകൂമ്പാരം..
എല്ലാം വെന്തെരിയുമ്പോൾ..
നാളയുടെ നന്മയ്കായ്‌ ഒന്നും ബാക്കിയില്ല..
പാറകെട്ടിന്റെയും പുൽതകിടിയുടെയും പ്രശാന്തി വേണ്ടെന്നു വച്ചവർ...
നന്ദിയില്ലാത്തവർ.
ഇപ്പോളിതാ വസന്തത്തിനായ്‌ മുറവിളി കൂട്ടുന്നവർ...
തിരയുന്നു ശൂന്യമാം ലോകത്ത്‌ വസന്തത്തെ...
പ്രകൃതി നീ പഠിക്കണം..
വസ്തുതകൾക്കിടയിൽ ജീവിക്കുവാൻ മരിക്കുവോളം..

                                                          Saarish Abdullah

യക്ഷി

കുന്നത്തെക്കാവിലെ പാലമരത്തിൽ
ബന്ധിതയായൊരു യക്ഷി
അന്തിമയങ്ങിയാൽ വഴിയാത്രക്കാർക്കിന്നും
ഭീതിതൻമൂർത്തി മദ് ഭാവമീ യക്ഷി.
പണ്ടു കാടായനാട്ടിലെ പാലമരത്തിൽ
ചുടു നിണം കാത്തവൾ പാർത്തു
ഏകനായ് രാത്രിയിൽ പോകുന്ന പാന്ഥന്റെ
രുധിരപാനം ചെയ്തു മദിച്ചു.
ചുടു രക്ത പാനത്തിൻ മുൻപേ -
യിരയുടെ കാമത്തെയാദ്യമുണർത്തി
അഭൌമ സൌന്ദര്യമേനിയവനായി -
ട്ടാമോദത്തോടവൾ നൽകി.
ആ ഭോഗലാസ്യത്തിൽനിന്നു ഝടുതിയിൽ
ഭീതിതന്നുത്തുന്ഗശൃംഖത്തിലേറ്റി
പ്രാണഭയത്താലലറുന്നപാന്ഥന്റെ
ച ങ്കി ലെച്ചുടുചോരയൂറ്റി.
ഒരു നാളേതോമഹായോഗിതൻ
രോഷാഗ്നി യവളിൽ പതിച്ചു
പാലമരത്തിൽ ചങ്ങല കൊണ്ടുള്ള
മാന്ത്രിക ബന്ധനമവളെ തളച്ചു.
പിന്നെ യാണ്ടിലൊരുവട്ടം ദുർഗ്ഗാഷ്ടമിദിനം
പൂജിച്ച ഗുരുതി യാണവളുടെ പാനം
കടുംചായക്കളത്തിലായുറയുന്നകന്യതൻ
മേനിയിൽ മാത്രമാണവളുടെ നടനം.
ഇന്നലെ പാലത്തടിയിലാണ്ടുകിടക്കുന്ന
മന്ത്രത്തകിടുഞാൻ വലിച്ചു പറിച്ചു
കാരിരുമ്പിന്റെ ചങ്ങല വെട്ടി മുറിച്ചു
സ്വാതന്ത്ര്യ ചിറകടിച്ചാക്ഷണ മവളെങ്ങോമറഞ്ഞു.
നാടായ കാട്ടിലെ കാടാം നഗരത്തിൽ
ക്രൂര നിശാചര യന്നവൾ ചെന്നു
രാത്രി പകലിലുമേറെജ്വലിക്കുന്ന
തെരുവിൽ ചുടു നിണം തേടിയിറങ്ങി.
നഗരനരകനിശാചരക്കൂട്ടങ്ങൾ
പിശാചുക്കളായ് മുന്നിലുറഞ്ഞു
അവരുടെ കിരാതമാം സീല്ക്കാരം കേട്ടു
ഞെട്ടി വിറച്ച ബലയായ് നിന്നവൾകേണു.
എങ്ങു പോയ് നിന്റെ ദംഷ്ട്രവും നഖങ്ങളും
എങ്ങു പോയ് നിന്റെയമാനുഷ ശക്തികൾ
കാണുന്നു ഞാനിന്നുപതറുന്ന നിന്നെ
മാനുഷ വേതാള ക്കോലങ്ങൾ മുന്നിൽ.
അന്നുപല പല കൈമാറി സൂര്യനുദി പ്പോളം
ഭോഗം ഇടവേളയില്ലാതെത്തുടർന്നു
അവളുടെ പൂമേനി യാകെത്തകർന്നു
എന്നിട്ടും തെരുവോ കാമമടങ്ങാതെ നിന്നു.
കലിയുഗനരാധമ ജന്മങ്ങൾ തന്നുടെ
ക്രൂരത താങ്ങുവാനാകാതാ യക്ഷി
പാലമരത്തിൽ തിരികെയണഞ്ഞന്നു
സ്വയമേ ബന്ധിതയായിക്കിടന്നു.
കുന്നത്തെക്കാവിലെ പാലമരത്തിൽ
ബന്ധിതയായൊരു യക്ഷി
അന്തിമയങ്ങിയാൽ വഴിയാത്രക്കാർക്കിന്നും
ഭീതിതൻമൂർത്തി മദ് ഭാവമീ യക്ഷി.
                                               

                                            CA Venu K

മരുഭൂമി

പകലിന്‍റെ ചൂടുണ്ട്,പൊടി പാറും കാറ്റുണ്ട്,
ഒട്ടകം മേയുമീ മരുഭൂമിയില്‍.
കള്ളിമുള്‍ച്ചെടിയുണ്ട്,കാരി മുള്ളും,
പാദങ്ങള്‍ പൊള്ളിക്കും ,മണല്‍ത്തരിയും.
പീലിവിടര്‍ത്തിയ ഈന്തപ്പനകളില്‍
തഴച്ചു ,കുലച്ച് മധുരക്കനികള്‍.
പച്ചപ്പ്‌ ഇല്ലാതെ പരന്നുകിടക്കുന്നു
ചെമ്മണല്‍ വിതറിയ ആരണ്യകം.
മോഹങ്ങള്‍ പാകീ ഞാനീ മരുഭൂവില്‍
വിളവെടുപ്പിന്നായ്,കാത്തുനില്‍ക്കുന്നു.
സ്വര്‍ണ്ണം വിളയുന്ന മണ്ണില്‍ ഭാഗ്യം-
നേടാതെ ഹോമിച്ചു ഞാനെന്‍ ജീവിതം.
വറ്റി വരണ്ടയെന്‍ മോഹത്തടാകം
വിണ്ടുകീറി വിതുമ്പുന്നു ശോകമായ്.
മോഹക്കടലിലെ ദാഹ നീരും തേടി
അക്കരെക്കരയിലെന്‍,ഇടനെഞ്ചും ..
മരുഭൂമിയായ് പരന്നയെന്‍ മനസ്സ്,
പച്ചപ്പ്‌ തേടിയലയുന്നു വീണ്ടും.
പച്ചപ്പിന്‍ പുതുനാമ്പ് തിളിര്‍ക്കുവാനായ്,
പുതുമഴ കാക്കും വേഴാമ്പല്‍ ഞാന്‍....

                                                 Attoor Suresh

അരയനെയും കാത്ത്..

കടലിന്‍ കരയിലെ കൊച്ചു കുടിലൊന്നില്‍
അരയെനേം കാത്തവള്‍ ,അന്തിവെട്ടത്തില്‍.
പടിഞ്ഞാറ് നിന്നൊരു തണുപ്പന്‍ കാറ്റ്
തഴുകിയൊഴുക്കുന്നു കരിനീലത്തിരകളെ.
.
പടിഞ്ഞാറേ കാറ്റാല്‍ മയങ്ങും ,മണല്‍ത്തരി
തിര വന്നു തീണ്ടുമ്പോള്‍ ഞെട്ടിയുണരും..
തൊട്ടിലിലാടുന്നു അരയന്‍റെ കണ്മണി.
റാന്തല്‍ വെളിച്ചത്തില്‍ പഠിക്കുന്നു മകനും.
ആഴക്കടലിലെ കാണാപ്പൊന്നുമായ്
അരയന്‍ വരുന്നതും,കിനാവ് കണ്ടോള്‍.
കുടിലിന്‍റെ മൂലയിലടുപ്പിലിനിയെന്നും
തീ പുകയുന്നതും ,കിനാവ് കണ്ടേന്‍..
പുത്തന്‍ പുടവയും ചുറ്റിയൊരിക്കല്‍
പൂരവും,വേലയും കാണാനും മോഹിച്ചു.
അരയന്‍റെ നിഴലായ് അണിഞ്ഞൊരുങ്ങി
ആടിപ്പാടുന്നതും കണ്ടവള്‍ കനവില്‍.
ഉദയത്തിന്‍ മുമ്പേ തോണിയുമായ്
കടല്‍പ്പൊന്നും തേടി പോയോരാരയന്‍.
കൂരിരുള്‍ കരിമഷി പടര്‍ന്നു തുടങ്ങീട്ടും
അരയന്‍റെ തോണിയും കരയണഞ്ഞില്ല.
കൂരിരുള്‍ രാവ് മേഞ്ഞോരാ തീരത്ത്
നെഞ്ചിടിപ്പിന്‍ ,താളവും കൂട്ടീയവള്‍.
തിരകള്‍ തണുത്ത ചുണ്ടാലവള്‍ തന്‍
പാദങ്ങളില്‍ ചുംബിച്ചു മടങ്ങി.
കാത്തിരുപ്പേറെയായെങ്കിലും
അരയനും വന്നില്ല,തോണിയുമണഞ്ഞില്ലാ.
പൊള്ളുന്ന ഭൂമിയില്‍ നിന്നവള്‍ തേടുന്നു
അരയന്‍റെ ജീവന്‍ തുടിയ്ക്കുമാ തോണി.
അകലെക്കടലില്‍ തെളിഞ്ഞോരാ തോണി
തിര തല്ലി തീരമണഞ്ഞൊരു നേരം
അവള്‍ കണ്ട കനവുകള്‍ ,ഉപ്പായലിഞ്ഞ്,
കരി നീലക്കടലാകെ ,കണ്ണീരലകള്‍ ......
                                                    
                                  Attoor Suresh 

മധുചഷകം

സന്താപക്കണ്ണുനീരെന്തിനു വാർക്കണം
നഷ്ടസ്വപ്നങ്ങളെയോർത്തുനാമവനിയിൽ
ഇന്നിന്റെയാമോദമധുപാനംചെയ്തി-
ട്ടിന്നലെകളെയപ്പാടെമറക്കനാം
ഭൂതവും ഭാവിയും കേവലം മിഥ്യകൾ
നിത്യസത്യമേകമീ വർത്തമാനം
ഇന്നിന്റെയുല്ലാസനിമിഷങ്ങളൊക്കെയും
കൈവിടാതാഘോഷമാക്കുക നാം
പോയകാലത്തെച്ചിന്തിച്ചുമാത്ര
മായുസ്സുപോക്കതുമൂർഖത മാത്രമാം
ഇന്നിന്റെയുല്ലാസപ്പൊയ്കയിൽ നീന്തുന്ന
പൊന്നരയന്നമാകട്ടെ മാനസം
എന്നുംമനതാരിനുല്ലാസമേകട്ടെ
യിന്നിൻനിത്യവസന്തോത്സവങ്ങൾ
ദുഃഖാന്ധകാരമാട്ടിയകറ്റുന്നൊരുജ്വലാ-
മോദപ്രഭയിൽ വിളങ്ങട്ടെ മാനസം
ഉല്ലാസപ്പൂനിലാവൊളിതൂകി നിൽക്കട്ടെ
മിന്നട്ടെയസംഖ്യമാം സന്തോഷതാരകം
ഉത്സാഹപ്പൂങ്കാറ്റുവീശട്ടെ നാൾക്കുനാൾ
ഉന്മേഷകുസുമസഹസ്രം വിരിയട്ടെ
ദുഃഖിക്കുവാൻ കാരണമേറെയാണെങ്കിലു-
മാമോദ ചിത്തരായ് വാഴണം ഭൂമിയിൽ
പൊട്ടിച്ചിരിച്ചുകൊണ്ടുള്ളോരു ജീവിതം
വിട്ടൊന്നുമില്ലയവനിയിലോർക്കുകിൽ
പൊട്ടിച്ചിരിച്ചു ജീവിക്കണം ഭൂമിയി -
ലായുസ്സൊടുങ്ങുന്നതാം നേരം വരെ
വിട്ടുപോകണമവനിയതു നിശ്ചയം
കെട്ടുപാടുകൾ പിന്നെന്തിനു പേറണം
ഇന്നലെകളെയപ്പാടെ മറന്നിട്ടു
മുങ്ങുകയിന്നിന്റെമധുചഷകത്തിൽ നാം
നാളെയെചൊല്ലിയെന്തിനാകാംക്ഷ
നാളെയെന്താവുമെന്നാരറിവൂ ഭുവനത്തിൽ
സുഖദമാവട്ടെ ജീവിതമെന്നുമേ
വിഷാദഭാവങ്ങളെല്ലാം വെടിയുക
വിഷലിപ്തചിന്തകളെന്തിനു പേറണം
ജീവിതമോർത്താലരക്ഷണം മാത്രമാം
ഇന്നിന്റെയാഘോഷ വീഥികൾ തോറും
വന്നുന്മാദനൃത്തങ്ങളാടുക നാം
എന്തിനു സന്താപചിന്തകൾ പുൽകണം
എന്തിന്നുപേറണം മനപ്രയാസം
പ്രജ്ഞ്യതെളിഞ്ഞുവിളങ്ങിനിന്നീടുകിൽ
നിത്യദുഃഖത്തിൽ നീറിടും മാനസം
അജ്ഞ്യതയാകുന്ന മന്ദത നൽകുന്ന
മുന്തിരിച്ചാറാണുത്തമമോർക്കുകിൽ
നിറക്കുനീ മനുഷ്യാ മധുചഷകങ്ങൾ
മത്തടിച്ചാർത്തുമദിക്കുകയിന്നു നീ
ചിത്തത്തിനാനന്ദമുല്ലാസവേളകൾ
മാത്രമിജ്ജീവിതശാശ്വതസത്യങ്ങൾ
ഉല്ലാസദേവതയില്ലാത്ത ഭുവനത്തിൽ
വല്ലാത്തവേദനയല്ലെയിജ്ജീവിതം
ഉല്ലാസമുന്തിരിച്ചാറു വീണ്ടും നിറക്കുക-
യെങ്ങുപോയെന്റെ മധുചഷകം ?

                                               CA Venu K

കാപ്സ്യുള്‍ കവിതകള്‍

Pradeep Kumar
1. ഒരേ പാത്രത്തില്‍ അളന്നെടുത്തിട്ടും ,
ഒടുവില്‍ നിന്റെ നിറയുന്ന 
മിഴികളില്‍ മാത്രം എങ്ങിനെ പ്രണയം 
ബാക്കിയായി ! 
എവിടെയാണ് തെറ്റിയത് ?

2. നിന്റെ ഹൃദയത്തിന്റെ 
നനഞ്ഞ ഭിത്തിയില്‍ വരച്ചൊരു 
ചിത്രമായിരുന്നു ഞാ ന്‍ !
മഴത്തുള്ളികളുടെ പ്രണയത്തി ല്‍ പോലും 
മാഞ്ഞു പോകുന്ന ചിത്രം !

3.ഒരു ഹൃദയമെനിക്കുണ്ട്.. 
അതിനോടുരുകി ചേര്‍ന്ന്,
ആ നീല വിരിക്കപ്പുറം,
വസന്തങ്ങളിലേക്ക് വാതിലും തുറന്നിട്ട്‌
ഒരഗ്നികിരണമായി നീയുണ്ട്...
എന്റെ പ്രണയം
നമ്മുടെതാവുന്നതും കാത്ത്
ഞാനിവിടെയും !!!

Betty Hemanth
1.സ്വപ്നങ്ങളുടെ പടവുകൾ
താണ്ടി പർവങ്ങൾ തേടി
കൊടുമുടിയിലേക്കൊരു
യാത്രാവേളയിൽ തടഞ്ഞൊരു
ഇടത്താവളത്തിൽ ഞാനും
നിങ്ങളും ഒരുമ്മിച്ചു ഈ
കുഞ്ഞു ഇടവഴിയിൽ..,


2.പ്രകൃതിതന്‍രൗദ്രഭാവങ്ങളില്‍
വിലാപങ്ങളുമായി മണല്‍ത്തരികള്‍
കെട്ടിപ്പൊക്കുംസ്വപ്നങ്ങള്‍ വെറും
കടല്‍ക്കരയിലെ മണല്‍ശില്‍പ്പങ്ങള്‍
മിതത്വത്തിന്‍ സൂചനകള്‍ ----
സംഹാരതാണ്ഡവുമായി എപ്പോഴും
ഒരുവിളിപാടകലെ --------


Ramakrishnan Menon
ഭരിക്കുവാനായ് വോട്ട് കവർന്നെടുത്ത് 
അരിച്ചെടുക്കുന്നു ഖജനാവു മുഴുവൻ 
പിരിച്ചെടുക്കുന്നു പലകോടി വേറെ 
ചിരിച്ചു തള്ളുന്നു പരാതി എല്ലാം



Rajgopal Parayarikkal
1. അർത്ഥത്തിനായി പുറപ്പെട്ടു
അർത്ഥമില്ലാതായ ജീവിതം
നിസാർത്ഥനായി ജീവിച്ചു
നിസ്വനായി മരിച്ചീടാൻ
അർത്ഥത്തിനാർത്തിയേറി
അവന' വനെ മറക്കുന്നു.


2. കാർമേഘപ്പട്ടം മഴനൂലിൽ കെട്ടിയിട്ട് 
പറപ്പിച്ച് കളിക്കുന്നുണ്ട്, വികൃതിക്കാറ്റ്
മഴവിൽച്ചായങ്ങളലിഞ്ഞ തെളിമാനം.


3.പണ്ട്, ഈ പുഴ കണ്ടാലിറങ്ങി
ഒന്നു കുളിക്കാൻ മോഹം
ഇന്നീ പുഴ കണ്ടാൽ കുളിക്കണം!

4.പുഴ വറ്റി
കുടി മുട്ടി
മരമറ്റു
വലി മുട്ടി
കടം പറ്റി
കുടി വിറ്റു
കയർ കെട്ടി
ഉയിർ വിട്ടു

Ben Zir
"തലയെന്നു കേട്ടാൽ ചീർപ്പെടുക്കാനോങ്ങും തലമുറയാണെന്റെ ശത്രു...!!!! 
മുലയെന്ന് കേട്ടാൽ തെറിയെന്ന് ചൊല്ലുന്ന തലമുറയാണെന്റെ ശത്രു...!!!"