Tuesday, May 5, 2015

മധുചഷകം

സന്താപക്കണ്ണുനീരെന്തിനു വാർക്കണം
നഷ്ടസ്വപ്നങ്ങളെയോർത്തുനാമവനിയിൽ
ഇന്നിന്റെയാമോദമധുപാനംചെയ്തി-
ട്ടിന്നലെകളെയപ്പാടെമറക്കനാം
ഭൂതവും ഭാവിയും കേവലം മിഥ്യകൾ
നിത്യസത്യമേകമീ വർത്തമാനം
ഇന്നിന്റെയുല്ലാസനിമിഷങ്ങളൊക്കെയും
കൈവിടാതാഘോഷമാക്കുക നാം
പോയകാലത്തെച്ചിന്തിച്ചുമാത്ര
മായുസ്സുപോക്കതുമൂർഖത മാത്രമാം
ഇന്നിന്റെയുല്ലാസപ്പൊയ്കയിൽ നീന്തുന്ന
പൊന്നരയന്നമാകട്ടെ മാനസം
എന്നുംമനതാരിനുല്ലാസമേകട്ടെ
യിന്നിൻനിത്യവസന്തോത്സവങ്ങൾ
ദുഃഖാന്ധകാരമാട്ടിയകറ്റുന്നൊരുജ്വലാ-
മോദപ്രഭയിൽ വിളങ്ങട്ടെ മാനസം
ഉല്ലാസപ്പൂനിലാവൊളിതൂകി നിൽക്കട്ടെ
മിന്നട്ടെയസംഖ്യമാം സന്തോഷതാരകം
ഉത്സാഹപ്പൂങ്കാറ്റുവീശട്ടെ നാൾക്കുനാൾ
ഉന്മേഷകുസുമസഹസ്രം വിരിയട്ടെ
ദുഃഖിക്കുവാൻ കാരണമേറെയാണെങ്കിലു-
മാമോദ ചിത്തരായ് വാഴണം ഭൂമിയിൽ
പൊട്ടിച്ചിരിച്ചുകൊണ്ടുള്ളോരു ജീവിതം
വിട്ടൊന്നുമില്ലയവനിയിലോർക്കുകിൽ
പൊട്ടിച്ചിരിച്ചു ജീവിക്കണം ഭൂമിയി -
ലായുസ്സൊടുങ്ങുന്നതാം നേരം വരെ
വിട്ടുപോകണമവനിയതു നിശ്ചയം
കെട്ടുപാടുകൾ പിന്നെന്തിനു പേറണം
ഇന്നലെകളെയപ്പാടെ മറന്നിട്ടു
മുങ്ങുകയിന്നിന്റെമധുചഷകത്തിൽ നാം
നാളെയെചൊല്ലിയെന്തിനാകാംക്ഷ
നാളെയെന്താവുമെന്നാരറിവൂ ഭുവനത്തിൽ
സുഖദമാവട്ടെ ജീവിതമെന്നുമേ
വിഷാദഭാവങ്ങളെല്ലാം വെടിയുക
വിഷലിപ്തചിന്തകളെന്തിനു പേറണം
ജീവിതമോർത്താലരക്ഷണം മാത്രമാം
ഇന്നിന്റെയാഘോഷ വീഥികൾ തോറും
വന്നുന്മാദനൃത്തങ്ങളാടുക നാം
എന്തിനു സന്താപചിന്തകൾ പുൽകണം
എന്തിന്നുപേറണം മനപ്രയാസം
പ്രജ്ഞ്യതെളിഞ്ഞുവിളങ്ങിനിന്നീടുകിൽ
നിത്യദുഃഖത്തിൽ നീറിടും മാനസം
അജ്ഞ്യതയാകുന്ന മന്ദത നൽകുന്ന
മുന്തിരിച്ചാറാണുത്തമമോർക്കുകിൽ
നിറക്കുനീ മനുഷ്യാ മധുചഷകങ്ങൾ
മത്തടിച്ചാർത്തുമദിക്കുകയിന്നു നീ
ചിത്തത്തിനാനന്ദമുല്ലാസവേളകൾ
മാത്രമിജ്ജീവിതശാശ്വതസത്യങ്ങൾ
ഉല്ലാസദേവതയില്ലാത്ത ഭുവനത്തിൽ
വല്ലാത്തവേദനയല്ലെയിജ്ജീവിതം
ഉല്ലാസമുന്തിരിച്ചാറു വീണ്ടും നിറക്കുക-
യെങ്ങുപോയെന്റെ മധുചഷകം ?

                                               CA Venu K

No comments:

Post a Comment